History
സാമൂഹിക സാംസ്കാരിക ചരിത്രം
എ.ഡി.8-ാം നൂറ്റാണ്ടിനു മുമ്പു തന്നെ സംസ്കാരസമ്പന്നമായ പുരോഗതി പ്രാപിച്ച ഒരു ജനസമൂഹം ഇവിടെ നിവസിച്ചിരുന്നു. അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രവും അതിന്റെ വടക്കേ വാതില്‍മാടത്തിന്റെ ചുമരില്‍ കാണുന്ന വട്ടെഴുത്തു ലിഖിതങ്ങളും ഈ പ്രസ്ഥാവത്തിന് ഉപോല്‍ബലകമാണ്. അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ സോപാനങ്ങളുടെ പഴക്കം നിര്‍ണ്ണയിക്കുമ്പോള്‍ ഏഴാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ ഇവിടെ പുരോഗതി പ്രാപിച്ച ജനസമൂഹം ഉണ്ടായിരുന്നു എന്നു തെളിയുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ വെറും ഒരു കര്‍ഷകഗ്രാമമായിരുന്നു പുതുക്കോട്. അയിത്തം, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇവിടെ നിലനിന്നിരുന്നു. പുരയിടവും നിലവും ഉള്‍പ്പെടെ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള ഭൂമി മുഴുവന്‍ കരിങ്ങന്‍ പുള്ളിമന, തിരുവില്വാമല ദേവസ്വം, കൊച്ചിന്‍ ദേവസ്വം, നടുവിലെ മഠം എന്നീ നാലു വിഭാഗക്കാരുടെ കൈകളിലായിരുന്നു. ഇവരില്‍ നിന്ന് കീഴകോതനത്ത്, തിരുവടി കോതനത്ത്, പാട്ടോലതെക്കില്ലത്ത്, പുതുക്കോട് കോങ്ങോട്ട് എന്നീ നായര്‍ പ്രമാണിമാര്‍ ജന്‍മാവകാശം വാങ്ങിയതായി കാണുന്നു. ജനങ്ങളിലെ പ്രബലവിഭാഗമായിരുന്ന ബ്രാഹ്മണസമുഹം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ നിന്നും കുടിയേറിപാര്‍ത്തവരാണെന്ന് പറയപ്പെടുന്നു. ബ്രാഹ്മണരുടെ ആവശ്യാര്‍ത്ഥം വസ്ത്ര നിര്‍മ്മാണത്തിനുവേണ്ടി നെയ്ത്തുകാരായ മുസ്ളീങ്ങളേയും അവര്‍ കൊണ്ടുവന്നുവെന്നും ആ മുസ്ലീംവിഭാഗക്കാരുടെ പിന്‍മുറക്കാരാണ് ഇന്നിവിടെ കാണുന്ന മുസ്ളീങ്ങള്‍ എന്ന ഒരു കഥയും പ്രചാരത്തിലുണ്ട്. ബ്രാഹ്മണര്‍ ക്ഷേത്രങ്ങളോട് അനുബന്ധിച്ച അഗ്രഹാരങ്ങളില്‍ താമസിക്കുന്നു. ഗ്രാമം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കോളനിപോലെ മുസ്ളീങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് തെരുവുകള്‍. മറ്റു ജാതികളില്‍ ഓരോ വിഭാഗവും താമസിച്ചിരുന്ന പ്രദേശങ്ങളെ തറകള്‍ എന്നാണ് വിളിച്ചിരുന്നത്. നായര്‍ത്തറ, കുലാലത്തറ, തുമ്പാരത്തറ, ആശാരിത്തറ എന്നിങ്ങനെ ജാതിവ്യവസ്ഥയുടെ ക്രൂരതകള്‍ സഹിച്ചിരുന്ന ഭൂരിപക്ഷം ജനതയും അര്‍ദ്ധപട്ടിണിക്കാരായിരുന്നു.
പ്രാദേശിക സമര ചരിത്രം
അയിത്തത്തിനും അനാചാരത്തിനുമെതിരെ നടന്ന മറ്റൊരു സമരമായിരുന്നു പുതുക്കോട് ക്ഷേത്രപ്രവേശനസമരം. പുതുക്കോടിന്റെ സാമുഹ്യസാംസ്കാരിക വളര്‍ച്ചയുടെ നാഴികക്കല്ലായിരുന്നു ക്ഷേത്രപ്രവേശന സമരം എന്നു പറയാം. പുതുക്കോട് നടന്ന മറ്റൊരവിസ്മരണീയമായ സമരമായിരുന്നു നെയ്ത്തു തൊഴിലാളി സമരം. 1940-കളിലാണ് ഈ സമരങ്ങളെ സംഘടിപ്പിക്കപ്പെട്ടത്. ഗ്രാമത്തിനാവശ്യമായ വസ്ത്രം നിര്‍മ്മിച്ചിരുന്നത് കൈത്തറിതൊഴിലാളികളായ മുസ്ളീങ്ങളായിരുന്നു. ബഹുമുഖചൂഷണത്തിന് വിധേയരായിരുന്ന ഇവര്‍ക്ക് നെയ്ത്തിനാവശ്യമായ നൂല്‍ നല്‍കിയിരുന്നത് ഏതാനും വീവര്‍ മാസ്റ്റര്‍മാര്‍ ആയിരുന്നു. നൂലിന് ക്ഷാമം വന്നപ്പോള്‍ വീവര്‍മാസ്റ്റര്‍ അമിതവില ഈടാക്കാന്‍ തുടങ്ങി. പട്ടിണിയിലേക്ക് നീങ്ങിയ അനേകം നെയ്ത്തുകാര്‍ നാടുവിടാന്‍ തുടങ്ങി. ഈ അവസരത്തില്‍ ആലത്തുര്‍ കൃഷ്ണന്‍ പുതുക്കോട് എത്തുകയും നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയന്‍ ആരംഭിക്കുകയും ചെയ്തു. യൂണിയന്റെ നേതൃത്വത്തില്‍ വമ്പിച്ച പ്രക്ഷോഭസമരങ്ങള്‍ നടക്കുകയുണ്ടായി. പുതുക്കോട് കേന്ദ്രീകരിച്ചുനടന്ന മറ്റൊരു സംഘടിതസമരമാണ് ബീഡിത്താഴിലാളികളുടേത്. കാര്‍ഷികരംഗത്ത് മറ്റൊരു പ്രധാന സമരമാണ് കീഴയില്‍ നടന്ന മാങ്ങപറിസമരം. തങ്ങള്‍ പണിയെടുത്തിരുന്ന ഭൂമിയില്‍ പണിയെടുക്കുവാനുള്ള അവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി നടത്തിയ പ്രക്ഷോഭമായിരുന്നു ഇത്. പുതുക്കോടുള്ള ചെറുകിട കുടിയാന്‍മാരായ കര്‍ഷകരേയും കര്‍ഷകതൊഴിലാളികളേയും ആവേശം കൊള്ളിച്ച സമരമായിരുന്നു മഞ്ഞപ്രയില്‍ നടന്ന കര്‍ഷകസമരം. പാട്ടപ്പറ തല്ലിപ്പൊളിക്കല്‍ സമരം ഇതിന്റെ ഒരു ഭാഗമായിരുന്നു. സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പുമായി നടന്ന ഇത്തരം പ്രക്ഷോഭങ്ങളുടെ പരിണിതഫലമായിട്ടാണ് ജന്‍മിത്തം അവസാനിപ്പിക്കാനും മുഴുവന്‍ ആളുകള്‍ക്കും തങ്ങളുടെ കുടികിടപ്പ് സ്വന്തമാക്കി മാറ്റാനും കഴിഞ്ഞത്.
അടിസ്ഥാന മേഖലാ ചരിത്രം
ആദ്യകാല വിദ്യാലയങ്ങളെ കുടിപ്പള്ളിക്കൂടങ്ങള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വേദപഠനത്തിനായി പുതുക്കോട് സ്ഥാപിച്ചിരുന്ന ഹരിഹരസംസ്കൃതകോളേജ് അന്നത്തെ മാലബാറില്‍ അറിയപ്പെടുന്ന രണ്ടു സംസ്കൃതകോളേജുകളിലൊന്നായിരുന്നു. വിദ്യാര്‍ത്ഥികളുടെ അഭാവം മൂലം പ്രസ്തുത കോളേജിന്റെ പ്രവര്‍ത്തനം നിലക്കുകയും 1946-ല്‍ ആ സ്ഥാനത്ത് ഇന്നു കാണുന്ന സര്‍വ്വജനാ ഹൈസ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. നാനാജാതിമതസ്ഥരുടെ സംഭാവനയും സന്നദ്ധസേവനവും കൊണ്ടാണ് പ്രസ്തുത ഹൈസ്കൂള്‍ പണി പൂര്‍ത്തിയാക്കിയത്. തന്‍മൂലമാണ് പ്രസ്തുത സ്കൂളിന് സര്‍വ്വജനാ ഹൈസ്കൂള്‍ എന്ന പേര്‍ വന്നത്. പുതുക്കോട് പ്രദേശത്തെ ആദ്യത്തെ വിദ്യാലയം ഇന്നത്തെ ഗവ.മാപ്പിള എല്‍.പി.സ്കൂള്‍ ആയിരുന്നു. ഈ പ്രദേശത്തെ ആദ്യത്തെ ബിരുദധാരികള്‍ മദ്രാസ് ഹൈക്കോടതി ജഡ്ജായി റിട്ടയര്‍ ചെയ്ത പുതുക്കോട് ഗ്രാമത്തിലെ വി.ആര്‍.സുബ്രഹ്മണ്യയ്യരും ഡെപ്യൂട്ടി കളക്ടറായി റിട്ടയര്‍ ചെയ്ത മണപ്പാടം ഗ്രാമത്തിലെ എം.എച്ച്.കൃഷ്ണയ്യരുമായിരുന്നു. പാലക്കാട് ജില്ലാ കലക്ടറായി സേവനമനുഷ്ഠിച്ചിരുന്ന പി.രാജഗോപാലന്‍ ഐ.എ.എസ് ഈ പഞ്ചായത്തിലെ കണക്കനൂര്‍ പ്രദേശത്ത് ജനിച്ചു വളര്‍ന്ന ആളാണ്. പഴയകാലത്ത് നാട്ടുചികില്‍സയും ആയുര്‍വേദ ചികില്‍സയും ആശ്രയിച്ചിരുന്ന പഞ്ചയാത്തു നിവാസികള്‍ക്ക് 1960-തിലാണ് ആധുനിക ചികിത്സാസൌകര്യങ്ങള്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടായത്. പുതുക്കോട് അഞ്ചുമുറി കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന മൂന്നാളം പരമ്പരാഗത ആയുര്‍വേദശാലകളും അതിലെ വൈദ്യന്‍മാരുമാണ് ചികിത്സാ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. കണ്ണമ്പ്ര ആശുപത്രി സ്ഥാപിച്ചതോടുകൂടിയാണ് അലോപ്പതി ആശുപത്രിയുടെ സേവനം ലഭിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ സര്‍ക്കാരിന്റെ സ്ഥാപനങ്ങളായി അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ മൂന്ന് വിഭാഗം ആശുപത്രികളും പഞ്ചായത്തിലുണ്ട്. പുതുക്കോട് ഗ്രാമസമൂഹത്തില്‍ ഉണ്ടായിരുന്ന രണ്ട് നാടകസമിതികള്‍ മീനാക്ഷി നാടകസംഘവും പുരാണകഥ നാടകസംഘവും പ്രചുരപ്രചാരം സിദ്ധിച്ചതായിരുന്നു. അനുഷ്ഠാനകലകളായ പരിചമുട്ട്കളി, പൂരക്കളി, അയ്യപ്പന്‍പാട്ട്, തോറ്റംപാട്ട്, പൊറാട്ടുനാടകം, തങ്ങളുവാദ്യം എന്നിവ പഞ്ചായത്തില്‍ പ്രചരിച്ചിരുന്നു. ആനകളുടെ മത്സരം നടത്തുന്ന പുതുക്കോട് ചന്ദനക്കുടം നേര്‍ച്ച കാണാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നു പോലും ധാരാളം ആളുകള്‍ വരാറുണ്ട്. തച്ചനടി-മണപ്പാടം പ്രദേശങ്ങളിലും കൂടാതെ പുത്തിരിപ്പാടം-പൊറ്റ എന്നീ മുസ്ളീം ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നേര്‍ച്ചകളും സംഘടിപ്പിക്കുന്നതില്‍ ജാതിമത ചിന്തകള്‍ക്ക് അതീതമായ ഒരു കുട്ടായ്മ ഉണ്ടാകാറുണ്ട്.
In : History